പനിക്കോളിന്റെ നീരാളിക്കൈകൾ
അസ്ഥിപഞ്ജരങ്ങളെ ഞെരിച്ചു മുറുക്കി
ദുമ്മേദസ്സിന്റെ കൊഴുത്ത പാളികൾ
ഒളിപ്പിച്ചു വെച്ച പെരുവയറിനുള്ളിൽ
ഉരുണ്ടു കയറി മുങ്ങാം കുഴിയിട്ട്
നടുമുള്ളിനുള്ളിലൂടെ പാഞ്ഞു കേറി
തൊണ്ടക്കുഴിയിൽ ചുരുണ്ടു കൂടി
ശ്വാസം മുട്ടിച്ചപ്പോൾ,
ആതുരാലയത്തിലെ
ശീതീകരണിക്ക് കീഴിൽ
ഊഴം കാത്തിരുന്നവൾ
അടക്കം പറഞ്ഞു,
നീരിറക്കം വന്നതാ ....
---
തീ തുപ്പിയ ആകാശത്തിന് കീഴിൽ
മണൽ കൊട്ടാരം പോലെ തകർന്ന് വീണ
സ്വപ്ന ഗോപുരങ്ങളുടെ
അസ്ഥിമാടത്തിനിടയിലൂടെ
അവശേഷിപ്പുകളുടെ അവസാന ശ്വാസം
ഒപ്പിയെടുക്കാൻ നെട്ടോട്ടമോടുന്ന
ക്യാമറക്കണ്ണിന്റെ മുഷിഞ്ഞ കുപ്പായത്തിൽ
പിടുത്തമിട്ട കുഞ്ഞു വിരലുകൾക്ക്
ചോരച്ചാലൊഴുകുന്ന കുഞ്ഞനുജന്റെ
പിഞ്ചു നെറ്റിത്തടത്തിൽ നിന്നും
രാസാഗ്നിയിൽ പൊള്ളി നീറുന്ന
കൈത്തലം കൊണ്ട് മുടി മാടിയൊതുക്കി
ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ,
ആരേലും ഞങ്ങടെ ഉമ്മാനെ കണ്ടോ ?!!!!....
_____________________________________________
വാക്ക്
എഴുത്തിനാഴങ്ങളിൽ
വ്യാപരിക്കുന്നവന്ന്
അപൂർണമായ കവിതയിൽ
കൊരുത്തിടാനുതകുന്ന
അമൂല്യ ചൂഢാമണി ....
അക്ഷരക്കളരിയിലെ
എഴുത്തച്ഛനുമുന്നിൽ
പൊടിമണലിൽ വരയുന്ന
പിഞ്ചുവിരലിനു -
ആദ്യാക്ഷരത്തിന്റെ
മായാത്ത നോവ് ....
ഖദർ വെണ്മയിൽ
കരിഹൃദയം മറയ്ക്കുന്ന
തീപ്പൊരിനേതാവിന്
അണികളുടെ മനസ്സെന്ന
എരിതീയിലെ എണ്ണ .....
എൽ. പി സ്കൂളിലെ
മലയാളം മുൻഷിക്ക്
അമ്പത്തൊന്നക്ഷരം
കൂട്ടിക്കലർത്തിയ
ആയിരം അർത്ഥങ്ങളുടെ സദ്യ ....
സർക്കാരാപ്പീസിലെ
പൊടിപിടിച്ച ഫയലിന്
ഏതോ ഗുമസ്തന്റെ
തഴമ്പിച്ച വിരലുകൾ
കോറി വരച്ചിട്ട
മായാത്ത മഷിപ്പാടുകൾ ....
പ്രൈവറ്റ് കമ്പനിയിലെ
എച് .ആർ മാനേജർക്ക്
കാര്യപ്രാപ്തിയെ
സ്ഫുടം ചെയ്തെടുക്കുന്ന
സാൻഡ് വിച് ക്രിട്ടിസിസത്തിന്റെ
മൃദുവായ അടരുകൾ ....
തെരുവോരത്തെ
യാചകമുഖതിന്ന്
കരുണവറ്റിപ്പോയ
പണക്കൊഴുപ്പിന്റെ
വെറുപ്പ് നിഴലിക്കുന്ന
ക്രൂര നോട്ടങ്ങൾ ....
മധു വിധു നുകരുന്ന
ഇണക്കുരുവികൾക്ക്
പ്രണയാർദ്രമായൊരു
തൂവൽസ്പർശം ....
വൃദ്ധസദനത്തിലെ
എകാകിനിക്ക് ,
സ്നേഹാർദ്രമായൊരു
സാന്ത്വന സ്പർശം ...
എനിയ്ക്ക് ,
അത് പ്രതീക്ഷയായിരുന്നു .....
വിശ്വാസത്താൽ ദൃഢപ്പെട്ടത് .
നീ തന്ന വാക്ക് ...
ഇന്നത്പക്ഷേ ....
കാറ്റിൽ തകർന്ന
ചീട്ട് കൊട്ടാരം പോലെ
പൊങ്ങിപ്പറന്ന് ......
അകലേക്കകലേക്ക് ......
-Princess Shan
മഴമണം
മഴയുടെ മണമേതാണ്?
ഉണങ്ങി വരണ്ട
മണ്ണിൻ്റെ മാറിൽ
കാർമുകിൽ കുളിരായ്
പെയ്തിറങ്ങവേ
നുരഞ്ഞ് പൊങ്ങുന്ന
നിശ്വാസ ഗന്ധം?
അതോ?...
കുടത്തുമ്പിൽ
നിന്നുതിർന്ന്
നെറ്റിയിൽ ചുംബിച്ച
നീർത്തുള്ളിയുടെ
സിന്ദൂര മണം?
എരിയാൻ മടിച്ച്
പുകമറക്കുള്ളിൽ
ഒളിച്ചു കളിക്കുന്ന
നനഞ്ഞ വിറകിൻ്റെ
പൂപ്പലുമണം?
ഇസ്തിരിപ്പെട്ടിയുടെ
നെഞ്ചിലെ ചൂടിൽ
നിശ്വാസമുതിർക്കുന്ന
ഉലഞ്ഞ ചേലയുടെ
പാതിയുണങ്ങാത്ത
പരുത്തി മണം?
പരൽമീൻ കുഞ്ഞുങ്ങളും
വാൽമാക്രിക്കൂട്ടവും
ഒളിച്ചു കളിക്കുന്ന
പുഞ്ചവയലിൻ്റെ
ചെളിമണം?
നിഴൽ നൃത്തമാടുന്ന
മെഴുകുതിരി നാളത്തിൽ
പിടഞ്ഞു തീരുന്ന
ഈയാംപാറ്റമണം?
ഊതിക്കുടിക്കുന്ന
കട്ടൻചായയുടെ
പ്രണയം പങ്കിടും
പരിപ്പുവട മണം?
കൂണുകൾ കുടവിരിച്ച
മാങ്കൊമ്പിനൊപ്പം
മണ്ണടിയാൻ വെമ്പുന്ന
ചീഞ്ഞ ഇലമണം?
പൊരിവെയിലിനിപ്പുറം
മഴ മദളം കൊട്ടവേ
പിന്നണി പാടുന്ന
മേച്ചിലോടിൻ്റെ
മൺ മണം?
മഴയ്ക്ക് മണങ്ങൾ ഏറെയാണ്...
കാർമേഘം പോലെ
ഉരുണ്ടു കൂടി
ആർത്തലച്ച്
പിന്നെ ഒന്നായലിഞ്ഞ്
ഒഴുകിപ്പരന്ന്
അങ്ങനെയങ്ങനെ....
Princess Shan
തുറിച്ച് നോട്ടം
*******************************
നാം തുറിച്ച് നോക്കേണ്ടതുണ്ട്...
അരവയര്‍ നിറക്കാന്‍
അന്നം മോഷ്ടിക്കേണ്ടിവന്ന
പട്ടിണിപ്പാവത്തിന്റെ
കുഴിഞ്ഞ കണ്ണുകളിലേക്ക്,
കയ്യൂക്കിന്റെ സിറിയന്‍ കളരിയില്‍
വിരിയുംമ്പേ കൊഴിയാന്‍
വിധിക്കപ്പെട്ട
പിഞ്ചു ബാല്യങ്ങളുടെ
നിഷ്കളങ്കമാം പുഞ്ചിരിയിലേക്ക്,
പണത്തിന്റെ ഹുങ്കില്‍
തേഞ്ഞ്മായുന്ന
നെറികേടുകളുടെ
വിഴുപ്പു ഭാണ്ഡങ്ങളിലേക്ക്,
അധികാരത്തിന്റെ
ഉന്മാദലഹരിയില്‍
അടഞ്ഞ് പോകുന്ന
തൃക്കണ്ണുകളിലേക്ക്,
ജാതിയും മതവും
കോമരം തുള്ളുമ്പോള്‍
പിടഞ്ഞ് തീരുന്ന
പാര്ശ്വവല്കൃതരിലേക്ക്,
അസഹിഷ്ണുതയുടെ
തീന്മേശയിലെ
വറുത്തരച്ച
ഇറച്ചിക്കഷണങ്ങളിലേക്കു
രുചി പകര്‍ന്ന്
മറവിയിലലിഞ്ഞ
ചോരപുരണ്ട
വിയര്‍പ്പ് പാടങ്ങളിലേക്ക്,
അതോ...
മാതൃത്വത്തിന്റെ
പൊയ്മുഖം ചാര്‍ത്തിയ
മാര്‍ക്കറ്റിങ്ങ് നെറികേടിന്റെ
മുഴുത്ത സ്തനങ്ങളിലേക്കോ???!!!!!
-Princess Shan
The Sweet Melodies Of My Heart Over the Ages.
A Collection Of Malayalam Writeups And Poems.
The World through My Eyes, Captured in the Tiny Screen